നാട്ടിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവും കരുതി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍ (50) ആണ് ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ മരിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്നും കണ്ടെത്തി.

മകന്റെ എസ്എസ്എല്‍സി പരീക്ഷാഫലം വന്ന ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിക്കുന്നതില്‍ പവിത്രന്‍ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകന്‍ ധനൂപിന് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൂടി കിട്ടിയതോടെ സന്തോഷം ഇരട്ടിക്കുകയും ചെയ്തു. മകന്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു.

അജ്മാനിലെ ഒരു ജ്വല്ലറിക്ക് കീഴില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ ജോലി ചെയ്തിരുന്ന പവിത്രന്‍ കോവിഡ് കാരണം കഴിഞ്ഞ മൂന്നു മാസത്തോളമായി തൊഴില്‍ ഇല്ലാതെ കഴിയുകയായിരുന്നു. തുടര്‍ന്ന്, സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ വിമാന ടിക്കറ്റ് സ്വന്തമാക്കി നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം റാസല്‍ഖൈമയില്‍ തന്നെ സംസ്‌കരിച്ചു. പ്രിയപ്പെട്ട മകന് അച്ഛന്‍ അവസാനമായി വാങ്ങിവെച്ച സമ്മാനമടങ്ങിയ ബാഗേജ് സ്‌പൈസ് ജെറ്റ് കമ്പനി നാളെ നാട്ടിലെത്തിക്കും.