ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം;നിർദേശവുമായി ദുബായ്

ഒപ്പം താമസിക്കുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അടിയന്തര നിർദേശം നൽകി ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്റ്. രണ്ടാഴ്ച്ചക്കകം ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ദുബായ് റസ്റ്റ് എന്ന ആപ്പ് വഴിയാണ് താമസക്കാർ ഒപ്പം കഴിയുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്.

ദുബായ് എമിറേറ്റിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് താമസിക്കുന്നവർ, ഫ്‌ലാറ്റുകൾ സ്വന്തമായുള്ളവർ, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഇതുസംബന്ധിച്ച് ലാൻഡ് ഡിപ്പാർട്ടുമെന്റുകൾ സർക്കുലർ അയച്ചിട്ടുണ്ട്. ഒപ്പം താമസിക്കുന്ന കുടുംബാംഗങ്ങളുടേയും മറ്റുള്ളവരുടേയും പേര് വിവരങ്ങൾ അവരുടെ എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടക കരാറുകൾ തയ്യാറാക്കുക എന്നാണ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന വിവരം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും സൗകര്യമുണ്ടാകും.2020ൽ യുഎഇയിൽ ഒന്നിച്ച് താമസിക്കാൻ കഴിയുന്നവരുടെ നിയമത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒന്നിച്ച് താമസിക്കുന്നതിന് വിലക്കുണ്ടായിരുന്നത് ഇതോടെ ഒഴിവായി. ഇതിന്റെ തുടർച്ചയായാണ് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.