മ്യാൻമറിൽ കൂട്ടക്കൊല; കുഞ്ഞുങ്ങളെ പോലും വിടാതെ സൈന്യം, ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് തുടർന്ന് സൈന്യം. തെരുവിലിറങ്ങിയ 114 പ്രക്ഷോഭകരെ സൈന്യം വെടിവച്ചുകൊന്നു. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്.

പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിർദേശം സൈന്യം അണുവിട തെറ്റാതെ പാലിച്ചു. സൈനിക വെടിവയ്പ്പിൽ ഇന്നലെ മാത്രം നൂറിലേറെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കൂട്ടക്കുരുതി.

ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ തോക്കിൻ മുമ്പിൽ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്. മാൻഡലെയിൽ 29 പേരും യാങ്കൂണിൽ 24 പേരും ഇന്നലെ കൊല്ലപ്പെട്ടന്നാണ് മ്യാന്മർ നൗ വാർത്താ ചാനൽ പുറത്തുവിട്ട വിവരം. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.

Read more

യൂറോപ്യൻ യൂണിയനും യുഎസും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാൻമറിനുണ്ട്. റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമടക്കം 8 രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായാണു റിപ്പോർട്ട്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായതിനാൽ, ഉപരോധനീക്കം ഉണ്ടായാൽ തടയാനും കഴിയും.