സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധുനദീജല കരാര്‍ ഇന്ത്യ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും നിബന്ധനകള്‍ ലംഘിച്ച പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും അമിത്ഷാ അറിയിച്ചു.

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

Read more

ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് സിന്ധുനദീജല കരാറെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ആ കരാര്‍ ലംഘിച്ചെന്നും ഷാ ആരോപിച്ചു. ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല. നമുക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.