അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍. അമേരിക്കയുടെ ഭാഗത്ത് നിന്ന് യുദ്ധസന്നാഹ സാഹചര്യങ്ങള്‍ കണ്ടതോടെയാണ് മുന്നറിയിപ്പുമായി ഇറാനെത്തിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ആദ്യം ദിവസം മുതല്‍ തന്നെ അമേരിക്ക ഇസ്രയേലിന് പിന്തുണ നല്‍കുന്നുവെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ആദ്യം മുതല്‍ തന്നെ അമേരിക്ക സംഘര്‍ഷത്തില്‍ ഇസ്രയേലിന്റെ പങ്കാളിയായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയില്‍ ഇറാനിയന്‍ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ച് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്ഫഹാനിലെ പര്‍വതത്തിന് സമീപം പുക ഉയരുന്നത് കാണപ്പെട്ടിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ രണ്ട് സെന്‍ട്രിഫ്യൂജ് ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ആക്രമണം കടുക്കുമ്പോള്‍ അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ഇറാനെത്തുന്നത്. ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിയാക്കുകയും ചെയ്താല്‍ ഇറാന്‍ നയതന്ത്രം പരിഗണിക്കാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അരാഗ്ചി വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടാല്‍ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിദേശകാര്യ മന്ത്രി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം, ജൂണ്‍ 13 ന് ഇസ്രായേലുമായുള്ള പോരാട്ടം ആരംഭിച്ചതിനുശേഷം ഇറാനില്‍ കുറഞ്ഞത് 430 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. . ഇസ്രയേലില്‍ 25 പേര്‍ കൊല്ലപ്പെടുകയും 2517 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇസ്രയേല്‍ പ്രതിരോധ സേന നല്‍കുന്ന കണക്ക്. ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ധു’ ആരംഭിച്ചു.

Read more

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പ് ഇസ്രായേല്‍ ഇറാനുമേല്‍ നടത്തിയ ആക്രമണങ്ങള്‍ ‘ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍’ ലക്ഷ്യമിട്ടുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. പശ്ചിമേഷ്യയെ പൂര്‍ണ്ണമായും സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് ആരോപിച്ചു.