ദേശീയപതാക സംബന്ധിച്ച വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. എൻ ശിവരാജനെതിരെ രാജ്യദ്രോഹക്കുറ്റത്തിൻറെ വിവിധ വകുപ്പുകൾ ചുമത്തണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നായിരുന്നു ഭാരതാംബ വിവാദത്തിൽ ശിവരാജൻ്റെ പ്രസംഗം. ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം കൂടിയായിരുന്നു എൻ. ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജൻ്റെ പരാമർശം.
പിന്നാലെ മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചിരുന്നു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു.