തന്നെ പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനിൽപ്പില്ലെന്ന് ട്രംപ്

തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. എതിര്‍ത്താല്‍ മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് ലഭിക്കില്ലെന്നും അത് അവരുടെ ബിസിനസിനെ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റവിഷയത്തില്‍ ട്രംപും പാര്‍ലമെന്‌റ് അംഗങ്ങളും തമ്മിൽ നടത്തിയ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. അതേ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് വലിയ തോതില്‍ റേറ്റിംഗ് ഉയരുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തനിയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചതായും മന്ത്രിസഭാംഗങ്ങളുമായുള്ള കൂടികാഴ്ച്ചയില്‍ ട്രംപ് വ്യക്തമാക്കി.

Read more

ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളുടെ റേറ്റിംഗില്‍ വലിയ ഉയര്‍ച്ചയുണ്ടായെന്നു തീര്‍ച്ചയാണ്. അതിനാല്‍ അവര്‍ വലിയ സന്തോഷത്തിലാണ്, അതിനാല്‍ അവര്‍ ട്രംപിനെ പിന്തുണയ്ക്കും അല്ലെങ്കില്‍ അവര്‍ക്കാര്‍ക്കും കച്ചവടമില്ലാതാകും- ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ മുന്‍നിര മാധ്യമസ്ഥാപനങ്ങളെല്ലാം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരാണെന്നും ഈ മാധ്യമങ്ങളിലെ മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്തയാഴ്ച്ച പുരസ്‌കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.