അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ; ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന് ഭാര്യ

റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാര ചടങ്ങുകൾ നാളെ നടക്കും. തെക്കൻ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ നവൽനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു.

ഫെബ്രുവരി 16നാണ് അലക്‌സി നവൽനി മരണപ്പെടുന്നത്. 2021 മുതൽ നവൽനി ആർട്ടിക് ജയിലിൽ തടവിലായിരുന്നു. വിവിധ കേസുകളിലായി 19 വർഷം നവൽനിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. വെള്ളിയാഴ്ച പ്രഭാത നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവൽനി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിദശീകരണം.

മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നവൽനിയുടെ മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യൻ ഭരണകൂടം മൃതദേഹം നൽകിയത്. മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് നവാൽനിയുടെ അമ്മ കിര യാർമിഷിന്റെ വക്താവ് എക്സിൽ കുറിച്ചിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പുടിന്റെ ഏറ്റവും ശക്തമായ റഷ്യൻ വിമർശനെന്ന് അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവൽനി. റഷ്യയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കായുള്ള നവൽനിയുടെ മരണത്തിന് പിന്നിലെ കരങ്ങൾ പുടിന്റേതാണെന്ന് ആഗോളതലത്തിൽ വിമർശനം ഉയരുന്നുണ്ട്. അലെക്‌സി നവല്‍നിയുടെ മരണത്തില്‍ ഉത്തരവാദിത്തം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെന്ന് നവല്‍നിയുടെ ഭാര്യ യൂലിയയും ആവശ്യപ്പെട്ടിരുന്നു.

നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചെറിയ പ്രതിഷേധങ്ങളെയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നവരെയും തടയാന്‍ റഷ്യന്‍ പോലീസ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. 30 നഗരങ്ങളില്‍ നിന്നായി 340ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

തീവ്രവാദ സംഘടനകൾക്ക് പണം നൽകിയെന്ന കേസിലാണ് നവൽനി ഒടുവിലായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവൽനിയെ പാർപ്പിച്ചിരുന്ന്. കഴിഞ്ഞ വർഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർടിക് പീനൽ ജയിലിലേക്ക് അദേഹത്തെ മാറ്റിയത്. പുടിന്റെ വിമർശകനായതിനാൽ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. തന്റെ ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ നവൽനി വളരെ പെട്ടെന്ന് റഷ്യയിലെ പുട്ടിൻ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു.