ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

കോടതിയലക്ഷ്യ കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസത്തെ തടവ്. അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റേതാണ് വിധി. ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.

ബംഗ്ലാദേശില്‍ നിന്ന് അഭയം തേടി ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ആദ്യമായാണ് ഇത്തരം ഒരു വിധി നേരിടുന്നത്. ബംഗ്ലാദേശിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിയന്ത്രണാതീതമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികളിലുള്‍പ്പെടെ നിരവധി കേസുകള്‍ ഷെയ്ഖ് ഹസീനയുടെ പേരിലുണ്ട്.

ഫോണ്‍ കോളിലൂടെ കോടതിയെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചുവെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടപടി. 2024ല്‍ ഒരു വിദ്യാര്‍ത്ഥി നേതാവിനോട് ഷെയ്ഖ് ഹസീന ഫോണിലൂടെ സംസാരിച്ചതിന്റെ റെക്കാര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read more

തനിക്കെതിരെ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ 227 പേരെ കൊല്ലാനുള്ള ലൈസന്‍സ് ലഭിച്ചുവെന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്. ഈ കേസിലാണ് നിലവില്‍ വിധി പ്രസ്താവന ഉണ്ടായിരിക്കുന്നത്.