'തൃക്കാക്കര യു.ഡി.എഫ് പൊന്നാപുരം കോട്ടയെങ്കില്‍ ഇടിച്ചു തകര്‍ക്കും'; തലയില്‍ വീഴാതെ ചെന്നിത്തല നോക്കിക്കോ: ഇ.പി ജയരാജന്‍

തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചു തകര്‍ക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

തൃക്കാക്കരയില്‍ ഇടതു മുന്നണി തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇ പി ജയരാജന്‍ . എല്‍ഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.