ഇനി ‘വീര്‍’ സവര്‍ക്കര്‍ ഇല്ല; മാപ്പു പറച്ചില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ വെട്ടിമാറ്റിയും പരിഷ്‌കരിച്ചും സ്‌കൂള്‍ പുസ്തകങ്ങളില്‍ ശുദ്ധികരണത്തിനൊരുങ്ങുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിയമിച്ച ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മറ്റിയാണ് സര്‍ക്കാരിനോട് വിവിധ ശുപാര്‍ശകളുമായി എത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പാഠപുസ്തകത്തില്‍ സവര്‍ക്കറുടെ ലഘു ജീവചരിത്രം കമ്മിറ്റി പുനഃപരിശോധിക്കും. പത്താം ക്ലാസ് സാമൂഹ്യ പാഠത്തില്‍ നിന്നും സവര്‍ക്കറിന്റെ പേരിന് മുന്നില്‍ ചേര്‍ത്ത വീര്‍ എന്ന പദം മാറ്റിയ കമ്മിറ്റി പകരം ദാമോദര്‍ സവര്‍ക്കര്‍ എന്നാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനയില്‍ പങ്കുള്ള വ്യക്തിയാണ് സവര്‍ക്കറെന്ന ഭാഗവും പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്.

സ്വാതന്ത്ര്യത്തിന് മുമ്പ് 1910-ലെ കലാപ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പിടിയിലായ സവര്‍ക്കര്‍, തന്റെ 50 വര്‍ഷത്തെ തടവുശിക്ഷ കുറച്ച് കിട്ടുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പിരന്ന കാര്യവും പുസ്തകങ്ങളില്‍ ചേര്‍ക്കും. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന ധാരണയില്‍ 1921-ല്‍ പിന്നീട് സവര്‍ക്കറെ വിട്ടയക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് സവര്‍ക്കര്‍ എഴുതിയ കത്തിന്റെ ഭാഗവും ഇതോടൊപ്പം ചേര്‍ക്കും.