പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടര്‍ന്നാണെന്ന വിവരാവകാശരേഖയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വിഷയത്തില്‍ മുഹമ്മദ് റിയാസ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കേണ്ടതെന്ന് റിയാസ് ചോദിച്ചു. ചാര പ്രവര്‍ത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്തുതകള്‍ അന്വേഷിച്ചു വേണം വാര്‍ത്ത നല്‍കാനെന്നും മന്ത്രി പറഞ്ഞു.
കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ അതനുസരിച്ച് വാര്‍ത്ത നല്‍കരുതെന്നും ഇത്തരം പ്രചരണത്തോട് പുല്ല് വിലയാണെന്നും റിയാസ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ടൂറിസം വകുപ്പ് 41 വ്‌ളോഗര്‍മാരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
Read more
സ്വകാര്യ ഏജന്‍സിക്ക് ഇതിനുള്ള കരാറും സര്‍ക്കാര്‍ നല്‍കിയിരുന്നു. വയനാടിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2024 ജനുവരി മുതല്‍ 2025 മെയ് വരെയാണ് ഇതാനായി സര്‍ക്കാര്‍ വ്‌ലോഗര്‍മാരെ ക്ഷണിച്ചിരുന്നത്. ഇതില്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ജ്യോതിമല്‍ഹോത്രയും ഉള്‍പ്പെടുന്നത്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.