അഴിമതി റിപ്പോർട്ട് ചെയ്തു; യു.പിയിൽ മാധ്യമ പ്രവർത്തകനെ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

Advertisement

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകനേയും സുഹൃത്തിനേയും അക്രമികൾ കൊലപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് തലവനും മകനും ചേര്‍ന്ന് നടത്തുന്ന അഴിമതിയെക്കുറിച്ച് നിര്‍ഭികിന്‍റെ തുടര്‍ച്ചയായ ലേഖനങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

അക്രമികള്‍ കൊലപ്പെടുത്തിയത് സാനിറ്റൈസര്‍ ഉപയോഗിച്ച് തീ കൊളുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഗ്രാമത്തലവന്‍റെ മകനും അടക്കമുള്ള മൂന്നംഗ സംഘമായിരുന്നു സംഭവത്തിന് പിന്നിലെന്നും യുപി പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹിന്ദിഭാഷ ദിനപ്പത്രമായ ‘രാഷ്ട്രീയ സ്വരൂപി’ല്‍ ജോലി ചെയ്തു വരികയായിരുന്ന രാകേഷ് സിംഗ് ‘നിര്‍ഭീകി’നെയും സുഹൃത്തായ പിന്റു സാഹുവിനെയും നവംബര്‍ 27-നാണ് കല്‍വാരി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

പിന്റു സാഹു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രാകേഷ് സിംഗിനെ രക്ഷിക്കാനായില്ല .

അതേസമയം കേസില്‍ അറസ്റ്റിലായ ലളിത് മിശ്ര എന്നയാളുമായി രാകേഷിന്റെ സുഹൃത്ത് പിന്റുവിന് തര്‍ക്കം നിലനിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്.