അയോദ്ധ്യ രാമക്ഷേത്ര ഭൂമിപൂജ; എൽ.കെ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും ക്ഷണമില്ല

അയോദ്ധ്യ രാമക്ഷേത്രത്തിൻെറ ഭൂമിപൂജക്ക് മുതിർന്ന​ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. മുതിർന്ന നേതാക്കൾക്ക് ക്ഷണക്കത്ത് അയച്ചിട്ടില്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനേയും ചടങ്ങിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. ഓഗസ്​റ്റ്​ അഞ്ചിനാണ്​ അയോദ്ധ്യയിൽ രാമക്ഷേത്രത്തിൻെറ ഭൂമിപൂജ നടക്കുന്നത്​.

ബാബറി മസ്​ജിദ്​ തകർച്ചയുടെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്​. കഴിഞ്ഞയാഴ്​ചയാണ്​ പ്രതിയായ അദ്വാനി വീഡിയോ കോൺഫറൻസിലൂടെ കേസിൻെറ വിചാരണ നടപടികളിൽ പ​ങ്കെടുത്തത്​

നാലര മണിക്കൂർ കൊണ്ട് അദ്ദേഹത്തോട് ആയിരം ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, ബാബറി മസ്​ജിദിൻെറ തകർച്ചയിൽ കുറ്റബോധമില്ലെന്ന്​ ബി.ജെ.പി നേതാവ്​ ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞെന്നും ഓഗസ്​റ്റ്​ അഞ്ചിന്​ നടക്കുന്ന ഭൂമിപൂജയിൽ പ​​ങ്കെടുക്കുമെന്നും അവർ പറഞ്ഞു.