ആ കത്ത് വ്യാജം'; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത തള്ളി രാജ് ഭവന്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ കണ്ടിരുന്നു. ഡല്‍ഹിയിലായിരുന്ന ഫഡ്നാവിസ് മുംബൈയില്‍ തിരിച്ചെത്തിയ ശേഷം രാജ് ഭവനില്‍ എത്തിയാണ് ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെ കണ്ടത്.

പിന്നാലെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വാര്‍ത്ത രാജ് ഭവന്‍ നിഷേധിച്ചു. അതേസമയം, മഹാ വികാസ് അഘാഡി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും തങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക ശേഷം ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫഡ്നാവിസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്. തങ്ങള്‍ക്ക് 50 വിമത എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ.

പിന്തുണയ്ക്കുന്നവരില്‍ ഒമ്പത് പേര്‍ മന്ത്രിമാരാണെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. അടുത്ത് തന്നെ തങ്ങള്‍ ഗുവാഹത്തിയില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തുമെന്നും ഷിന്‍ഡെ നേരത്തേ അറിയിച്ചിരുന്നു.