"നയാപൈസ പോലും നിക്ഷേപിച്ചിട്ടില്ല ... ഇത് പണത്തിന്റെ ഹുങ്ക് അല്ലേ?": ടെലികോം കമ്പനികൾക്ക് എതിരെ സുപ്രീം കോടതി

ടെലികോം കമ്പനികൾ ആയിരക്കണക്കിന് കോടി രൂപ കുടിശ്ശിക സർക്കാരിനു നൽകാത്തതിനെ വിമർശിച്ച സുപ്രീം കോടതി, കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന്റെ കാരണം വിശദീകരിക്കാനാവശ്യപ്പെട്ട് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. കുടിശ്ശിക പിരിച്ചെടുക്കാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യാത്തതിന്റെ പേരിൽ ഉന്നത കോടതി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു.

92,000 കോടി രൂപയുടെ ക്രമീകരിച്ച മൊത്തം വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു-എജിആർ) സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഭാരതി എയർടെൽ, വോഡഫോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടാറ്റ ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർമാരോട് മാർച്ച് 17- ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

“ഞങ്ങൾ ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ അധിക്ഷേപത്തിന് നടപടിയെടുക്കും. ഒരു പൈസ പോലും നിക്ഷേപിച്ചിട്ടില്ല … ഇത് പണത്തിന്റെ ഹുങ്ക് അല്ലേ?” സുപ്രീം കോടതിയുടെ ഉത്തരവ് “സ്റ്റേ” ചെയ്ത സർക്കാരിലെ ഒരു ഡെസ്ക് ഓഫീസറെ പരാമർശിച്ച് സുപ്രീം കോടതി ഇന്ന് പറഞ്ഞു.

“ഒരു കമ്പനിയും വർഷങ്ങളായി ഒന്നും നിക്ഷേപിച്ചിട്ടില്ല. അവർ കുറച്ച് പണമെങ്കിലും നിക്ഷേപിക്കേണ്ടതായിരുന്നു,” സുപ്രീം കോടതി പറഞ്ഞു.

ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) വിഷയത്തിൽ ഉന്നത കോടതിയുടെ വിധിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ് എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ ജനുവരിയിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

92,000 കോടി രൂപ കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാരിനെ അനുവദിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ടെലികോം സേവനദാതാക്കളുടെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. പണമടയ്‌ക്കേണ്ടുന്ന അവസാന തിയതി ആയിരുന്ന ജനുവരി 23- ന് ശേഷം പണമടയ്ക്കാൻ കഴിയുന്ന തരത്തിൽ ടെലികോം വകുപ്പിനെ സമീപിക്കാൻ ഉന്നത കോടതി അനുവദിക്കണമെന്നാണ് ടെലികോം കമ്പനികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.