സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയില്‍ ഭയന്ന് ഇന്ത്യയും; സ്റ്റാര്‍ട്ടപ്പുകളുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇടപെടല്‍ നീക്കം തുടങ്ങി

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്‌വിബി) തകര്‍ച്ചയുടെ ആഘാതം ഇന്ത്യയെയും ബാധിക്കുമോയെന്ന് ആശങ്ക. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇരിക്കുകയാണ്. കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഉടമകളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാനായി വിളിച്ചിട്ടുണ്ട്.

യുഎസില്‍ പ്രവര്‍ത്തനമുള്ള മലയാളി സംരംഭങ്ങള്‍ അടക്കം മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും സിലിക്കണ്‍ വാലി ബാങ്കിലാണ് അക്കൗണ്ട്. ഇവരുടെ പണം മരവിച്ച അവസ്ഥയിലാണ്. ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകള്‍ക്കു വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ് പല കമ്പനികളും.

സ്റ്റാര്‍ട്ടപ് ഉടമകള്‍ പലരും ആശങ്ക പങ്കുവച്ചതോടെയാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യോഗം വിളിച്ചത്. എസ്‌വിബിയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം അടക്കം മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തം നിക്ഷേപം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പോലും അക്കൗണ്ടുള്ളവര്‍ക്കു ലഭ്യമല്ല.

Read more

അമേരിക്കയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശമ്പളം മാസത്തില്‍ രണ്ടുതവണയായിട്ടാണ് നല്‍കുന്നത്. അടുത്ത ശമ്പളം നല്‍കേണ്ടത് മാര്‍ച്ച് 15നാണ്. ഇതിനു മുടക്കം വന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധിയിലാവും ഇതുമുന്‍കൂട്ടി കണ്ടാണ് അടിയന്തരയോം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.