മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഇടത് സൈബറിടങ്ങളില്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. സൈബറിടങ്ങളില്‍ തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടും. അതില്‍ പ്രതികരിച്ച് ഇത്തരക്കാര്‍ ഇടം നല്‍കരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സൈബര്‍ ആക്രമണങ്ങളില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. ഇതൊന്നും നന്നായിരിക്കില്ലെന്ന് സിപിഎം മനസ്സിലാക്കിയാല്‍ മതി. മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ താന്‍ എന്തിന് അഭിമുഖീകരിക്കണമെന്നും രാഹുല്‍ ചോദിച്ചു. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളല്ലേയെന്നും എംഎല്‍എ പറഞ്ഞു.

നിയമപരമായി പോകാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ഇത്തരക്കാര്‍ ആ വഴിക്ക് നീങ്ങട്ടെ. അതല്ലേ അതിന്റെ മാന്യതയെന്നും രാഹുല്‍ ചോദിച്ചു. താനും തന്റെ മണ്ഡലത്തിലുള്ളവരും ഇത്തരത്തിലുള്ള ആക്രമണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.