വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ആ​റു​മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 30ന് ​മൂ​ന്നാ​റി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി ജാ​ൻ​വി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ മൂ​ന്നാ​റി​ലെ ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. യാത്രക്ക് ഓൺലൈൻ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

ഓൺലൈനായി ബുക്ക് ചെയ്‌ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്‌സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി.

എന്നാൽ സ്‌ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി വീഡിയോയിൽ പറയുന്നു.