അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

‘ഡീയസ് ഈറെ’ തിയേറ്ററില്‍ കുതിപ്പ് തുടര്‍ന്നതോടെ, തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ 50 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള നടനായി പ്രണവ് മോഹന്‍ലാല്‍. 50 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍-രാഹുല്‍ സദാശിവന്‍ ചിത്രം ഡീയസ് ഈറെ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു.

മോഹന്‍ലാല്‍ ആണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യ താരം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം തുടങ്ങിയ സിനിമകളിലൂടെ മോഹന്‍ലാല്‍ ഈ വര്‍ഷം ഈ നേട്ടം നേടിയെങ്കില്‍ പ്രണവ് നാല് വര്‍ഷത്തിന് ഇടയ്ക്കാണ് ചെയ്ത മൂന്ന് സിനിമകളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്നത്.

അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്കടുത്ത് കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.50 കോടി കളക്ഷന്‍ സിനിമ ഇന്ത്യയില്‍ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ട്. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെയാണ്.