അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അമിത് ഷായ്ക്ക് നേരെ ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിക്കാന്‍ 2 ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ വിവാദ സ്വഭാവമുള്ള 3 ബില്ലുകള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വോട്ടുചേരി രാജ്യത്ത് ശക്തമാകുമ്പോഴാണ് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴികള്‍. ജനാധിപത്യത്തെ അപകടപ്പെടുത്തും വിധം ഭരണഘടനഭേദഗതി മുന്‍കൂട്ടി നിശ്ചയിക്കാതെ അവതരിപ്പിച്ച് കീഴ്‌വഴക്കങ്ങള്‍ വരെ തെറ്റിക്കുന്ന മോദി ഭരണകൂട നടപടികള്‍ ഭരണ അട്ടിമറിക്കും ഫാസിസ്റ്റ് ഏകാധിപത്യത്തിനും വഴിവെയ്ക്കുന്നതാണ്. പ്രതിപക്ഷ നേതാക്കളെ ഇഡിയേയും സിബിഐയേയും കൊണ്ട് അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലിടച്ച് പിന്നീട് കോടതിയ്ക്ക് മുന്നില്‍ തെളിവില്ലായ്മ പ്രകടമാക്കി പരിഹാസ്യമാകുന്ന ഒന്നായി ഇഡി മാറുമ്പോള്‍ ബിജെപി ഭരണകൂടം രാഷ്ട്രീയനേട്ടം കൊയ്യുകയാണ്. ഈ സാഹചര്യം ഫെഡറല്‍ വ്യവസ്ഥയുടെ അട്ടിമറിക്ക് കൂടിയുള്ളതാക്കാന്‍ കോപ്പുകൂട്ടുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും.
വോട്ടര്‍പട്ടിക അട്ടിമറി സംബന്ധിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. വോട്ടുതട്ടിപ്പു വിവാദത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും വ്യക്തമാണ്. ബില്ലുകള്‍ തിടുക്കത്തില്‍ കൊണ്ടുവന്നതാണെന്ന വിമര്‍ശനം ഷാ തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് അയയ്ക്കുമെന്നും, അവിടെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ”നാളെ, നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലില്‍ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അമിത് ഷാ മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവയ്ക്കുമോയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കേസെടുത്തപ്പോള്‍ രാജിവച്ചെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം. രാജ്യത്ത് പൊലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു.
Read more
അധികാരവും സമ്പത്തും ഒരു ഉത്തരവാദിത്തവും നിയന്ത്രണവുമില്ലാതെ സ്വരൂപിക്കുന്നതില്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ താല്‍പ്പര്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു. ഈ സ്വേച്ഛാധിപത്യ മനോഭാവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും ഈ ക്രൂരമായ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.







