പ്രിയങ്ക ഗാന്ധിയുടെ വീട്ടിൽ സുരക്ഷാവീഴ്ച; അഞ്ച് പേർ കാറിൽ വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു

സെൻട്രൽ ഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള ലോധി എസ്റ്റേറ്റിലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം കാർ ഓടിച്ചു കയറ്റി. സംഭവം സുരക്ഷാലംഘനത്തെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ ലഭിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ അടുത്തിടെ അർദ്ധസൈനിക കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർ‌പി‌എഫ്) ഒരു വലിയ സംഘം ഉൾപ്പെടുന്ന ഇസഡ് പ്ലസിലേക്ക് തരംതാഴ്ത്തിയിരുന്നു.

നവംബർ 25- നാണ് സുരക്ഷാലംഘനം നടന്നതെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ പൂന്തോട്ടത്തിന് അടുത്തുള്ള പൂമുഖത്തേക്ക് പെൺകുട്ടിയടക്കം അഞ്ച് പേർ അടങ്ങുന്ന ഒരു കുടുംബം കാറിൽ വന്ന് ഇറങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. അവർ നേരെ വീടിന്റെ പൂന്തോട്ടത്തിലേക്ക് നടന്നു വന്ന് കോൺഗ്രസ് നേതാവിനൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഒരു ഫോട്ടോ ക്ലിക്കുചെയ്യാനാണ് തങ്ങൾ ഉത്തർപ്രദേശിലെ ഒരു പട്ടണത്തിൽ നിന്ന് എത്തിയതെന്ന് അവർ പറഞ്ഞു.

കൂടിക്കാഴ്‌ച നടത്തുന്നതിന് സന്ദർശകർ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നില്ല എന്നതിനാൽ പ്രിയങ്ക ഗാന്ധിയെയും സംഭവം അതിശയിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.