മൻ കീ ബാത്ത് ജനങ്ങൾക്ക് പ്രോത്സാഹനമായി; അഭിമാനകരമായ നേട്ടമെന്ന് പ്രധാനമന്ത്രി

മൻകീ ബാത്ത് നൂറാം പതിപ്പിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായി മൻകി ബാത്ത് മാറിയെന്ന് മോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ പരിപാടിയിലൂടെ സാധിച്ചതാണ് അതിന് കാരണമെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയായി ഡൽഹിയിലെത്തിയപ്പോൾ ഉത്തരവാദിത്വങ്ങൾ കൂടിയതോടെ അതിന് കഴിയാതെയായി. രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കുവാനായാണ് മൻകി ബാത്ത് എന്ന പരിപാടി തുടങ്ങിയത്. മൻകി ബാത്ത് എന്നാൽ തനിക്ക് വ്രതവും തീർത്ഥയാത്രയുമാണെന്ന് മോദി പറഞ്ഞു.

ഇന്ന് നൂറാം പതിപ്പിലെത്തി നിൽക്കുമ്പോൾ നിരവധി പേർ അഭിനനന്ദനങ്ങൾ അറിയിച്ചു. അത് ഏറെ സന്തോഷം നൽകുന്നു. ഒപ്പം പ്രചോദനവും. ഇനിയും കൂടുതൽ നല്ല സന്ദേശങ്ങളുമായി മൻകി ബോത്ത് മുന്നോട്ടു പോകുമെന്ന് മോദി പറഞ്ഞു.