'വീരപ്പന് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണം'; ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടി നേതാവായി മാറിയ ഭാര്യ മുത്തുലക്ഷ്മി; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രി

വനം കൊള്ളക്കാരന്‍ വീരപ്പനു സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി. എന്‍കൗണ്ടറിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ കൊലപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനലും ആനവേട്ടക്കാരനുമായ കൂസു മുനിസ്വാമി വീരപ്പന് വേണ്ടിയാണ് സ്മാരക ആവശ്യം ഉയര്‍ന്നിരിക്കുന്നത്. തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയായ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കൊള്ളക്കാരന് സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വീരപ്പന്റെ മൃതദേഹം സംസ്‌കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടില്‍ സ്മാരകം പണിയണമെന്നാണാവശ്യം.

ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടാണു ഭര്‍ത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. വീരപ്പന്റെ ഭാര്യയുടെ ആവശ്യം എന്തായാലും ഡിഎംകെ സര്‍ക്കാര്‍ പ്രതിനിധി തള്ളിക്കളഞ്ഞില്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി ഐ പെരിയസാമി മുത്തുലക്ഷ്മിയോട് പറഞ്ഞു.

ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് സ്വയം അവരോധിച്ച വീരപ്പന്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക വനങ്ങളില്‍ ഭീതി വിതച്ച കവര്‍ച്ചക്കാരനായിരുന്നു. ആനവേട്ടയിലൂടെ ആനക്കൊമ്പും ചന്ദനവും കവര്‍ച്ച ചെയ്തിരുന്ന വീരപ്പന്‍ പ്രസിദ്ധരെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയും കവര്‍ച്ച നടത്തിയിരുന്നു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. 20 വര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി വിലസിയ വീരപ്പനെ പിടികൂടാന്‍ വിവിധ സര്‍ക്കാരുകള്‍ കോടികളാണ് ചെലവാക്കിയിരുന്നത്.

ഒടുവില്‍ 2004 ഒക്ടോബറിലാണ് തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വീരപ്പനേയും അനുയായികളേയും ഏറ്റുമുട്ടലില്‍ വധിച്ചത്. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പേര്. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയിലാണ് തമിഴ്നാട് ദൗത്യസേനയുടെ വെടിയേറ്റു വീരപ്പന്‍ മരിച്ചത്. ഭരണകൂടങ്ങളുടെ പേടിസ്വപ്നമായി മാറി സത്യമംഗലം കാടുകളില്‍ ചോരയൊഴുക്കി അടക്കി ഭരിച്ചിരുന്ന വീരപ്പന്‍ കാല്‍ നൂറ്റാണ്ടിലധികം കൊലയും കവര്‍ച്ചയും കൊള്ളയും നടത്തിപ്പോന്നിരുന്നു. ഈ കാല്‍നൂറ്റാണ്ടുകാലം കൊണ്ട് 2000-3000 ആനകളെ വീരപ്പന്‍ കൊലപ്പെടുത്തിയെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. 65000 കിലോ ചന്ദനവും സത്യമംഗലത്ത് നിന്ന് കടത്തി. 150 കോടിയോളം വരും ഈ ചന്ദനത്തിന്റെ മൂല്യം. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നിന്നവരെയും എതിരായി നിന്നവരെയും ഒറ്റിയവരെയും കൊന്നൊടുക്കി വീരപ്പന്‍. അതില്‍ ഒരു ഡിഎഫ്ഒയുടെ തലവെട്ടി മാറ്റി കൊണ്ടുപോയി ശരീരം കത്തിച്ചത് വരെയുണ്ട്. കാലങ്ങള്‍ക്ക് ശേഷമാണ് വെട്ടിമാറ്റിയ തല കണ്ടെത്തിയത് പോലും. തന്റെ ഗ്രാമമായ ഗോപിനാദത്ത് ഇത്തരത്തില്‍ ഗ്രാമവാസികളെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താന്‍ തന്റെ വിവരങ്ങള്‍ പൊലീസിനോ അധികാരികള്‍ക്കോ കൈമാറുന്നവരുടെ തലകള്‍ വെട്ടി പ്രദര്‍ശനത്തിന് വെയ്ക്കുന്ന പതിവുണ്ടായിരുന്നു വീരപ്പന്.

Read more

അത്തരത്തില്‍ സര്‍ക്കാരിനെ മൂന്ന് പതിറ്റാണ്ടുകളോളം വിറപ്പിച്ച വീരപ്പന് സ്്മാരക ആവശ്യമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവും വീരപ്പന്റെ മകള്‍ വിദ്യാറാണി സീമാന്റെ നാം തമിഴര്‍ കക്ഷി അംഗവുമായി ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിലുണ്ട്. സ്മാരക ആവശ്യം ഡിഎംകെ മന്ത്രിയെ അറിയിച്ചതിന് പിന്നാലെ ഡിഎംകെയ്ക്ക് എതിരെ ശക്തമായി ഉയര്‍ന്നുവരുന്ന തമിഴ്താരം വിജയുടെ പാര്‍ട്ടിയെ കുറ്റപ്പെടുത്താനും മുത്തുലക്ഷ്മി മടിച്ചില്ല. തമിഴ്‌നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്നാണ് മുത്തുലക്ഷ്മി വിജയിയെ പരോക്ഷമായി പരിഹസിച്ചു പറഞ്ഞത. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവര്‍ വീമ്പിളക്കുകയാണെന്നും അവര്‍ക്ക് ഇടം കൊടുക്കരുതെന്നും മുത്തുലക്ഷ്മി പറഞ്ഞു.