പണം നല്‍കിയാല്‍ എം.എല്‍.എമാര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

മന്ത്രി പദവി വാഗ്ദാനം ചെയ്ത് അരുണാചല്‍ പ്രദേശിലെ മൂന്ന് എം.എല്‍.എമാരില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ സഞ്ജയ് തിവാരി എന്നയാളെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ടൈംസ് ഓഫ്‌ ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുതിര്‍ന്ന നേതാവായ എം.പിയുടെ പി.എ ആണെന്നും മന്ത്രിപദവി വരെ നല്‍കാന്‍ കഴിയുമെന്നും പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തിരിക്കുന്നത്.
ഡല്‍ഹിയിലെ മുതിര്‍ന്ന എം.പിയുടെ പി.എ ആണെന്നാണ് പരിചയപ്പെടുത്തിയതെന്നും എം.എല്‍.എമാരുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വളരെയേറെ സ്വാധീനമുള്ള ഒരു സീനിയര്‍ എം.പിയുടെ പി.എ ആണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. അപ്പോള്‍ തന്നെ സൗഹൃദത്തിലാവുകയായിരുന്നു. പിന്നീടാണ് പണം തന്നാല്‍ മന്ത്രിയാക്കാന്‍ കഴിയുന്നത്ര സ്വാധീനമുള്ളയാളാണെന്ന് ഇയാള്‍ പറയുന്നത്.

ഇതനുസരിച്ച് എം.എല്‍.എമാര്‍ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയാള്‍ ആവശ്യപ്പെട്ട പണം കൈമാറി. എന്നാല്‍ പിന്നീട് യുവാവില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല.

ഇതോടെ എം.എല്‍.എമാര്‍ യുവാവ് പറഞ്ഞ എം.പിയുമായി ബന്ധപ്പെട്ടു. എന്നാല്‍ തനിക്ക് അങ്ങനെയൊരു പി.എ ഇല്ലെന്നും പണം വാങ്ങാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നുമായിരുന്നു എം.പിയുടെ മറുപടി. തന്റെ പേര് ഉപയോഗിച്ച് പണം തട്ടിയെന്ന് മനസ്സിലാക്കിയ മുതിര്‍ന്ന നേതാവായ എം.പി തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സഞ്ജയ് തിവാരി പിടിയിലായത്. കബളിപ്പിക്കപ്പെട്ട എം.എല്‍.എമാരുടേയോ പരാമര്‍ശിക്കപ്പെട്ട എം.പിയുടേയോ പേര് ടൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.