ഗ്യാസ് ചേമ്പർ പരാമർശം; പിന്നാലെ ഗവർണറുടെ ട്വിറ്റർ ബ്ലോക്ക് ചെയ്ത് മമത

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ ആരോപിച്ചു. ഗവര്‍ണറെക്കുറിച്ച് പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ എഴുതിയെന്നും മമത പറഞ്ഞു.

സംസ്ഥാനം “ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി” മാറിയെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് അടുത്തൊന്നും അയവ് ഉണ്ടാകില്ലെന്ന സൂചനയാണ് കിട്ടുന്നത്.

‘വാക്കുകള്‍ ചെവിക്കൊള്ളാതെ ഗവര്‍ണര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. പല ഫയലുകളും അദ്ദേഹം നോക്കിയിട്ടില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് എങ്ങനെ സംസാരിക്കാനാകും. – മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡയറക്ടര്‍ ജനറലിനെയും ഭീഷണിപ്പെടുത്തുന്നു എന്നും അവര്‍ ആരോപിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗവര്‍ണറെ നീക്കാത്തതെന്നും മമത ചോദിച്ചു.

Read more

എന്നാല്‍, മമത ബാനര്‍ജിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, ഗവര്‍ണറുടെ ചുമതലകള്‍ വ്യക്തമാക്കുന്ന ഭരണഘടനയുടെ 159-ാം അനുച്ഛേദത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.