ഇത് ജനവിധിയല്ല, മെഷീന്‍ വിധി; ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിച്ചു; 2024ല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മമത

ഇത് ജനവിധിയല്ലെന്നും മെഷീന്‍വിധിയാണെന്നും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. യു.പിയില്‍ അഖിലേഷ് യാദവിനെ ബലമായി തോല്‍പ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കണമെന്നും മമത ‘ഇന്ത്യ ടുഡേ’യോട് പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളില്‍ ജയിച്ചെന്നതുകൊണ്ടു മാത്രം അവര്‍ ഇപ്പോള്‍ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും അവര്‍ വിചാരിക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല-മമത പറഞ്ഞു.

വിധിയും ഉദ്ദേശ്യലക്ഷ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്ട്രേറ്റ് സസ്പെന്‍ഡ് ചെയ്യപ്പെടുന്ന സ്ഥിത പോലുമുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Read more

അഖിലേഷിനെ ബലമായി തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസിന്റെ പ്രതികരണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ എസ്.പിക്ക് പരസ്യ പിന്തുണയുമായി തൃണമൂല്‍ രംഗത്തെത്തിയിരുന്നു. വരാണസിയിലെ എസ്.പി തെരഞ്ഞെടുപ്പ് റാലിയില്‍ മമത പങ്കെടുക്കുകയും ചെയ്തിരുന്നു.