മകള്‍ക്ക് നീതി ലഭിച്ചെന്ന് കരുതുന്നു; പൊലീസ് നടപടി അംഗീകരിക്കുന്നെന്ന് പിതാവ്

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയത് അംഗീകരിക്കുന്നെന്ന് പിതാവ്. പൊലീസ് പറഞ്ഞതില്‍ വിശ്വസിക്കുന്നു.

നടപടിയെ പൂര്‍ണമായും അംഗീകരിക്കുന്നെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്നും പിതാവ് പറഞ്ഞു. ഏത് വഴിയിലായാലും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരും പ്രതികരിച്ചു.

കേസില്‍ പ്രതികളായ മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതേ സമയം ബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച തെലങ്കാന പൊലീസിനെ പ്രകീര്‍ത്തിച്ച് ജനം തെരുവിലിറങ്ങി. ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മയും ദേശീയ വനിത കമ്മീഷനും ബി.എസ്.പി നേതാവ് മായാവതിയും പൊലീസ് നടപടിയെ പിന്തുണച്ചു.

രാജ്യത്തെ നടുക്കിയ ബലാത്സംഗക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആയിരങ്ങളാണ് ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ ഷാദ്‌നഗറിലെത്തിയത്. പൊലീസിന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയ ആഹ്‌ളാദപ്രകടനം പിന്നീട് പൊലീസുകരെ എടുത്തുയര്‍ത്തിയും റോഡില്‍ പടക്കം പൊട്ടിച്ചും നീണ്ടു.