ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് യമനിലെ ഹൂതി വിമതര്‍. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ ആക്രമിച്ച ശേഷം മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 12 പേരെ കാണ്‍മാനില്ല.
ആകെ 26 പേരാണ് ചരക്കുകപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെയെല്ലാം ഹൂതികള്‍ ബന്ദികളാക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. . ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞദിവസം ലൈബീരിയന്‍ പതാക വഹിച്ച ‘മാജിക് സീസ്’ എന്ന കപ്പല്‍ പിടിച്ചെടുത്തിരുന്നു.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
Read more
സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വളയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രോണുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ 200 മീറ്ററോളം നീളുള്ള കപ്പലിന്റെ നിയന്ത്രണം ക്യാപ്റ്റന് നഷ്ടപ്പെട്ടു. കപ്പല്‍ മറിഞ്ഞുപോകുമെന്ന് തോന്നിയ ഘട്ടത്തില്‍ ജീവനക്കാര്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ജീവനക്കാരെല്ലാം കടലിലേക്ക് ചാടുകയായിരുന്നു.