നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ മറുപടിയുമായി താരദമ്പതികൾ. വിഘ്നേഷിനൊപ്പമുളള ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് നയൻതാര ഇതിന് മറുപടി നൽകിയത്. ‘തങ്ങളെ കുറിച്ചുളള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന കാപ്ഷനിലാണ് നയൻതാര വിഘ്നേഷിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പം നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന വന്നത്. തുടർന്ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെല്ലാം മറുപടിയുമായി നയൻതാര തന്നെ രംഗത്തെത്തുകയായിരുന്നു.
Read more
നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് താരദമ്പതികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ടിരിക്കുന്നത്. നിലവിൽ സിനിമാത്തിരക്കുകളിലാണ് നയനും വിക്കിയുമുളളത്. അഭിനയത്തിനൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്തും സജീവമാണ് നയൻതാര. അതേസമയം പ്രദീപ് രംഗനാഥനെ നായകനാക്കിയുളള പുതിയ ചിത്രമാണ് വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.