'ഗോമാതാ സംരക്ഷണം'; യോഗി സർക്കാർ പണം നല്‍കുന്നില്ലെന്ന് നാട്ടുകാര്‍; ഫണ്ട് തന്നില്ലെങ്കില്‍ 15,000 പശുക്കളെ അഴിച്ചു വിടുമെന്ന് ഭീഷണി

ഗോമാതാക്കളെ സംരക്ഷിക്കാൻ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. ഗോമാതാക്കളുടെ സംരക്ഷണത്തിനായി ഫണ്ട് അനുവദിക്കാത്തപക്ഷം താത്കാലിക തൊഴുത്തുകളില്‍ നിന്ന് 15000-ത്തോളം പശുക്കളെ തെരുവില്‍ ഇറക്കി വിടുമെന്നാണ് നാട്ടുകാരുടെ ഭീഷണി. ഗോമാതാക്കളെ സംരക്ഷിക്കാനായി അടിയന്തര പ്രാധാന്യത്തോടെ ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി പ്രകാരമുള്ള തുക അനുവദിച്ച് നൽകിയില്ല. ഗോശാല പദ്ധതിയിക്ക് പണമെത്തിയില്ലെന്നത് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ ബാണ്ട ജില്ലയിലെ ഒരു ഡസനോളം പഞ്ചായത്ത് അദ്ധ്യക്ഷന്മാരാണ് യോഗി ആദിത്യനാഥിന് സംയുക്തമായി രേഖാമൂലം പരാതി നല്‍കിയത്.

പശുസംരക്ഷണത്തിനായി മുന്‍കാലങ്ങളില്‍ ഫണ്ട് ലഭിച്ചിരുന്നെങ്കിലും 2020 ഏപ്രില്‍ മുതല്‍ തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഗ്രാമപ്രധാന്‍ സംഘ് നേതാക്കള്‍ പറയുന്നു. നിലവിലെ പദ്ധതിയനുസരിച്ച് ഓരോ പശുവിനും ദിവസവും 30 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ ഗോസംരക്ഷകര്‍ക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ വ്യവസ്ഥ കാലങ്ങളായി പാലിക്കുന്നില്ലെന്നാണ് ഗ്രാമപ്രധാന്‍ സംഘ് നേതാക്കളുടെ പരാതി.

മാതാവായ പശുക്കളുടെ സംരക്ഷണത്തിലായി 613 കോടി മാറ്റി വെയ്ക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വര  പോലെയായെന്നാണ് ഇവരുടെ പരാതി. ഗ്രാമപഞ്ചായത്തുകള്‍ വഴിയും അല്ലാതെയും നിരവധി തവണ ആദിത്യനാഥ് സര്‍ക്കാരിനെ ഫണ്ടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചെങ്കിലും മറുപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. തെരുവില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ ഉത്തര്‍പ്രദേശില്‍ ധാരാളം വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ തന്നെയാണ് ഗോ സംരക്ഷകര്‍ പതിനയ്യായിരത്തോളം പശുക്കളെ തെരുവിലേക്ക് വിടുമെന്ന് ഭീഷണി മുഴക്കുന്നത്. പശുക്കളെ തീറ്റിപ്പോറ്റാനായി തങ്ങള്‍ ഒരുപാട് പണം മുടക്കിയെന്നും ഇനിയും ഇത് തുടരാനാകില്ലെന്നും പരാതിയില്‍ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍ സൂചിപ്പിക്കുന്നു.