കൊളീജിയം ശിപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും

സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരം. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കി. രാജസ്ഥാന്‍, പട്‌ന, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും പട്‌ന, അലഹാബാദ് ഹൈക്കോടതി ജഡ്ജിമാര്‍ക്കുമാണ് നിയമനം.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സാനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. നിയുക്ത ജഡ്ജിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശയില്‍ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.