സൈനിക സ്‌കൂളുകളുടെ മറവിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികള്‍; 62 ശതമാനം ബിജെപിയ്ക്കും സംഘപരിവാറിനും

രാജ്യത്തെ വിവിധ മേഖലകളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍ നിറുത്തിയുള്ള സംഘപരിവാറിന്റെ കടന്നുകയറ്റങ്ങള്‍ മുന്‍പും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സൈനിക സ്‌കൂളുകള്‍ ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ കടന്നുകയറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ട് രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യുകയാണ്.

2021ല്‍ ആണ് സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് 100 പുതിയ സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് ബജറ്റില്‍ തുകയും വകയിരുത്തി. രാജ്യത്തെ ഏതൊരു സ്‌കൂളിനും സൈനിക സ്‌കൂളായി മാറാന്‍ ആവശ്യമായ തരത്തിലായിരുന്നു പദ്ധതിയുടെ മാനദണ്ഡങ്ങള്‍.

മാനദണ്ഡങ്ങളിലെ ഈ മാറ്റം സംഘപരിവാറുമായി ബന്ധമുള്ള സ്‌കൂളുകള്‍ക്കും സമാന ആശങ്ങളുള്ള സംഘടനകള്‍ക്കും സൈനിക സ്‌കൂളിലേക്കുള്ള ദൂരം കുറയ്ക്കുകയായിരുന്നു. ഇതുവരെയുള്ള 40 സൈനിക സ്‌കൂളുകളുടെ കരാറുകളില്‍ 62 ശതമാനവും രാഷ്ട്രീയ സ്വയംസേവക സംഘവുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവര്‍ക്കാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സായുധ സേനയില്‍ സൈനിക സ്‌കൂളുകള്‍ വഹിക്കുന്ന പ്രാതിനിധ്യം ചെറുതല്ല. കൂടുതല്‍ സൈനിക സ്‌കൂളുകളിലൂടെ സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുമ്പോഴും വലതുപക്ഷ രാഷ്ട്രീയ ആശയങ്ങളെ സൈന്യവുമായി കൂട്ടിക്കെട്ടുന്നത് രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം വരുന്നതിന് മുന്‍പ് വരെ 33 സൈനിക സ്‌കൂളുകളിലായി 16,000 കേഡറ്റുകളാണുണ്ടായിരുന്നത്. പുതിയ സ്‌കൂളുകളുടെ ഭൂരിപക്ഷവും വലത് രാഷ്ട്രീയത്തിലേക്ക് വഴിമാറുമ്പോള്‍ അത് കേഡറ്റുകളുടെ വിദ്യാഭ്യാസത്തെ ബാധിച്ചേക്കും. സൈനിക സ്‌കൂളുകളില്‍ നിന്നെത്തുന്ന കേഡറ്റുകളിലൂടെ രാജ്യത്തെ സൈന്യത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ വലിയ സ്വാധീനമുണ്ടാക്കും.

https://www.reporters-collective.in/trc/centre-hands-sainik-schools-to-sangh-parivar-bjp-politicians

2022 മെയ് 5നും 2023 ഡിസംബര്‍ 27നും ഇടയില്‍ ഒപ്പുവച്ച 40 സ്‌കൂളുകളില്‍ 11 എണ്ണം ബിജെപി രാഷ്ട്രീയ നേതാക്കളുടെയും അനുഭാവികളുടെയും നേരിട്ടുള്ള ഉടമസ്ഥതയിലാണ്. എട്ടെണ്ണം ആര്‍എസ്എസും അനുബന്ധ സംഘടനകളും നേരിട്ട് നടത്തുന്നതാണ്. ആറ് സ്‌കൂളുകള്‍ക്ക് ഹിന്ദുത്വ സംഘടനകളുമായും വലതുപക്ഷ കലാപകാരികളുമായി നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആരോപിക്കുന്നു.

ഇത്തരത്തില്‍ അംഗീകാരം നേടിയ സ്‌കൂളുകളില്‍ ഒന്നുപോലും ക്രിസ്ത്യന്‍-മുസ്ലീം സംഘടനകളുമായോ മറ്റേതെങ്കിലും മതന്യൂനപക്ഷങ്ങളുമായോ ബന്ധമുള്ളതല്ല. ബിജെപിയുമായി ബന്ധമുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിനും അഫിലിയേഷന്‍ നല്‍കിയിട്ടുണ്ട്.