സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി അമിത് ഷാ

സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ നടന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിടയിലാണ് അമിത് ഷാ പ്രസംഗം നിര്‍ത്തിയത്.

പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ ‘പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ’ എന്ന് വേദിയില്‍ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു. ‘ബാങ്ക് വിളിക്കുകയാണ്’ എന്ന് ഒരാള്‍ മറുപടി നല്‍കി. അതോടെ പ്രസംഗം നിര്‍ത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രവൃത്തിയെ നിറഞ്ഞ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ബാങ്ക് വിളി അവസാനിച്ചപ്പോള്‍ തന്റെ പ്രസംഗം തുടരണമോയെന്ന് പ്രവര്‍ത്തകരോട് ചോദിക്കുകയും തുടരണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് അമിത് ഷാ വീണ്ടും പ്രസംഗം ആരംഭിച്ചത്.

ബാങ്ക് വിളിക്കുമ്പോള്‍ അമിത് ഷാ പ്രസംഗം നിര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.