'ഒരു കോടി വോട്ട് ബി.ജെ.പിക്ക് നല്‍കൂ, 70 രൂപയ്ക്ക് മദ്യം തരാം'; ആന്ധ്ര ബി.ജെ.പി അദ്ധ്യക്ഷന്‍

ആന്ധ്ര പ്രദേശില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ 70 രൂപയ്ക്ക് ഗുണമേന്മയുള്ള മദ്യം നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സോമു വീരരാജു. ചൊവ്വാഴ്ച വിജയവാഡയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സോമു വീരരാജു.

‘ഒരു കോടി വോട്ട് ബി.ജെ.പിയ്ക്ക് നല്‍കൂ, ഞങ്ങള്‍ 70 രൂപയ്ക്ക് മദ്യം നല്‍കും. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനമുണ്ടായാല്‍ ക്വാട്ടര്‍ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കും’ എന്ന് സോമു വീരരാജു പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

200 രൂപയുടെ ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യം 70 രൂപയ്ക്ക് നല്‍കാമെന്നാണ് വീരരാജുവിന്റെ വാഗ്ദാനം. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുകയാണ് എങ്കില്‍ മദ്യം 50 രൂപയ്ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ആന്ധ്രയിലെ സര്‍ക്കാര്‍ ഗുണനിലവാരമില്ലാത്ത മദ്യം വിലകൂട്ടി വില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നിലവാരമുള്ള മദ്യം കിട്ടാനില്ല. വ്യാജ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വില്‍ക്കുന്നത് എന്നും സോമു വീരരാജു പറഞ്ഞു.

സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ മദ്യം കഴിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിമാസം 12,000 രൂപയാണ് മദ്യത്തിനായി ആളുകള്‍ ചെലവഴിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മദ്യം നല്‍കും. അതിനായി 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നും സോമു വീരരാജു അഭ്യര്‍ത്ഥിച്ചു.