മീര, ബെന്യാമിൻ, തുടങ്ങിയ എഴുത്തുകാർ വടകരയിൽ കെ കെ രമയ്ക്ക് വേണ്ടി വോട്ട് പിടിക്കാൻ പോവുമോ?

ഇടത് സ്ഥാനാർഥികൾക്കായിതൃത്താലയിൽ വി ടി ബൽറാമിനെതിരെ വോട്ട് പിടിക്കാൻ പോകുന്ന മീര, ബെന്യാമിൻ, തുടങ്ങിയ എഴുത്തുകാർ വടകരയിൽ കെ കെ രമയ്ക്ക് വേണ്ടി വോട്ട് പിടിക്കാൻ പോവുമോ എന്ന ചോദ്യമുയർത്തി എഴുത്തുകാരൻ കരുണാകരൻ. അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് ഒരടി വെയ്ക്കാൻ കഴിയുമോ? ഇല്ല. ഉടുപ്പിൽ മൂത്രം പോവും. ഈ പാർട്ടി അടിമകളെ കൂവി ഇരുത്താൻ അവരുടെ ഉള്ളിൽപ്പോലും കഥയും കവിതയും ശീലിച്ച ഒരു കുട്ടി ഇല്ലാതെ പോയല്ലോ, അതാണ്‌ ദുരന്തമെന്നും കരുണാകരൻ പറയുന്നു.

പൊതുസമൂഹത്തിൽ ജനാധിപത്യം രാഷ്ട്രീയപ്പാർട്ടികൾക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമാണ് എഴുത്തുകാർ നിലകൊള്ളേണ്ടത്. അവർ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകരുത്. എന്നാൽ, കേരളത്തിൽ കപട ഇടത് എന്നത് റീഡേഴ്സ് ബാങ്കിലെ ഒരു വലിയ സംഖ്യയാണ്. മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാർട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്‌സ് ബാങ്കിനു വേണ്ടിയാണെന്നും കരുണാകരൻ ആരോപിക്കുന്നു.

കരുണാകരന്‍റെ ഫേസ്ബുക് കുറിപ്പ് പൂർണ്ണരൂപം:

തൃത്താലയിൽ വി ടി ബൽറാമിനെതിരെ വോട്ട് പിടിക്കാൻ പോകുന്ന മീര, ബെന്യാമിൻ, തുടങ്ങിയ എഴുത്തുകാർ (പുരോഗമന സാഹിത്യശീലർ) വടകരയിൽ കെ കെ രമയ്ക്ക് വേണ്ടി വോട്ട് പിടിക്കാൻ പോവുമോ? ഇല്ല. കഴിയില്ല. കാല് വിറയ്ക്കും..അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് ഒരടി വെയ്ക്കാൻ കഴിയുമോ? ഇല്ല. ഉടുപ്പിൽ മൂത്രം പോവും..

എഴുത്തുകാരുടെ മണ്ഡലമറിയാത്ത ഈ പാർട്ടി അടിമകളെ കൂവി ഇരുത്താൻ അവരുടെ ഉള്ളിൽപ്പോലും കഥയും കവിതയും ശീലിച്ച ഒരു കുട്ടി ഇല്ലാതെ പോയല്ലോ, അതാണ്‌ എഴുത്ത് – ദുരന്തം..

പൊതുസമൂഹത്തിൽ ജനാധിപത്യം രാഷ്ട്രീയപ്പാർട്ടികൾക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമായാണ് എഴുത്തുകാർ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ അവർ ഒരു പാർട്ടിയിലും അംഗമാവുന്നില്ല. ആവരുത്. എന്നാൽ, കേരളത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്‌സ് ബാങ്ക് ഉണ്ട്. ആ ബാങ്കിൽ കപട ഇടത് ഒരു വലിയ സംഖ്യയാണ്, മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാർട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്‌സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല. പൊളിറ്റിക്കൽ ജാഡ കാണിക്കാം എന്നല്ലാതെ.

സുമാർ അൻപതു വർഷം മുമ്പാകും നെരൂദയുടെ സ്റ്റാലിനിസ്റ്റ് അനുഭാവത്തെ ആശയപരമായി നേരിട്ട ഒക്ടോവിയൊ പാസിനെ കാണാം, എഴുത്തുകാരുടെ സ്വാതന്ത്ര്യ കല്പനകളെ ചർച്ച ചെയ്യുന്ന പാസിനെ. നെരൂദയെ വിവർത്തനം ചെയ്ത സച്ചിദാനന്ദനും പക്ഷെ പാസിന്റെ ആശയലോകം പറയില്ല, മനസ്സിലാകാഞ്ഞിട്ടല്ല, പക്ഷെ റീഡേഴ്‌സ് ബാങ്കിന്റെ പേരിൽ പറയില്ല. എഴുപതുകളിലെ നക്സൽ ഉന്മൂലനത്തെ താൻ എതിർത്തു എന്ന് എഴുതും പറയും, എന്നാൽ രണ്ടായിരം ആണ്ടുകളിൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയ പാർട്ടിക്കു വേണ്ടി വോട്ട് ചോദിക്കാൻ ഒരു മടിയും കാണില്ല. അതാണ്‌ നമ്മുടെ എഴുത്തുകാരുടെ റീഡേഴ്‌സ് ബാങ്കിന്റെ കളി.

Read more

അതിനാൽ ഈ തിരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും. കാര്യം അതല്ല, കാര്യം അതിവേഗം ഫാഷിസവൽക്കരിക്കപ്പെടുന്ന പാർലിമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിനുവേണ്ടി വീണ്ടെടുക്കാൻ ശ്രമിക്കുക എന്നാണ്. എഴുത്തുകാരുടെ ജോലി അതാണ്‌. വേറെ ഒന്നുമല്ല.