വി.ഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി: പി.സി ജോര്‍ജ്ജ്

വി ഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. 20 ദിവസമായി വിഡി സതീശന്‍ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് അദ്ദേഹമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റേത്. സതീശനെ കുറിച്ച് ഇനിയും ചിലത് പറയാനുണ്ട്. അക്കാര്യം സതീശന് അറിയാമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തും വെണ്ണലയിലും പറഞ്ഞതില്‍ ഖേദമില്ലെന്നും രണ്ടിടത്തും പറഞ്ഞത് കുറഞ്ഞുപോയി എന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്ക്തമാക്കി. ജാമ്യം റദ്ദാക്കിയാല്‍ ജയിലില്‍ പോകും, വീട്ടിലേക്കാള്‍ സുഖമാണ് ജയിലെന്നും പി സി ജോര്‍ജ് പറഞ്ഞു.

തനിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രാഷ്ട്രീയക്കളിയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. അദ്ദേഹത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. വി എസിന് ഒപ്പം നിന്നത് കൊണ്ടാണ് പിണറായി വിജയന് തന്നോട് ശത്രുത. സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നു. പിണറായിയെ വെല്ലുവിളിക്കുകയാണ്. താന്‍ മുങ്ങാന്‍ തീരുമാനിച്ചാല്‍ പിണറായിക്ക് പിടിക്കാന്‍ ആകില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്ന പിണറായി വിജയനോട് പുച്ഛം മാത്രമാണുള്ളത്. പൊതുപ്രവര്‍ത്തകന്റെ ജനാധിപത്യ ധര്‍മം മാത്രമാണ് താന്‍ നിര്‍വഹിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.കേരളത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്.

വര്‍ഗീയവോട്ട് നേടാന്‍ വി.ഡി.സതീശന്‍ പിണറായിയോട് മത്സരിക്കുന്നു. പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത് വര്‍ഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി തന്നെ വര്‍ഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താന്‍ തൃക്കാക്കരയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.