വിദേശകാര്യ മന്ത്രി എല്ലാ സമയത്തും വിദേശത്താണെന്ന ധാരണ തിരുത്തണം: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി. മുരളീധരന്‍

കേന്ദ്രമന്ത്രി എസ് ജയശങ്കറിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തിന്റെ സന്ദര്‍ശനം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കി.

വിദേശകാര്യ മന്ത്രി എല്ലാ സമയത്തും വിദേശത്താണെന്ന ധാരണയാണ് മുഖ്യമന്ത്രിക്കെങ്കില്‍ അത് തിരുത്തണം. ഓഖി ചുഴലിക്കാറ്റ് ബാധിച്ച മല്‍സ്യ തൊഴിലാളികളെ കാണാന്‍ പോകാത്ത മുഖ്യമന്ത്രിയ്ക്ക് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം. കേന്ദ്ര മന്ത്രിക്ക് അധികാരം ഇല്ലെന്ന് തോന്നുന്നുവെങ്കില്‍ സ്വന്തം പെരുമാറ്റമാണ് കാരണം. ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി ജനങ്ങളിലേക്ക് എത്തുമ്പോള്‍ അസ്വസ്ഥതയുണ്ടാവും.’- മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ആക്രമണങ്ങള്‍ നടക്കുന്നു. ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നത് കേരള പൊലീസിന്റെ കാര്യക്ഷമത കൊണ്ടാണ്. കേരള പൊലീസിന് കഴിവില്ലെന്ന് കരുതുന്നില്ല. എന്നാല്‍ പൊലീസിലെ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

”വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്‌ളൈഓവറിന്റെ മുകളില്‍നിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നു എന്നു പറയുമ്പോള്‍ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാര്‍ക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്.

Read more

അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്‌ളൈഓവര്‍ നോക്കാന്‍ വേണ്ടി കേരളത്തില്‍ വന്നെങ്കില്‍ അത് കേവലമായൊരു ഫ്‌ളൈഓവര്‍ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.”