തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പിഎംശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചയായെന്നും കൂട്ടിച്ചേർത്തു.
യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി. ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല. ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബിജെപി മുഖ്യ ശത്രു തന്നെയാണെന്നും എന്നാൽ ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് പറഞ്ഞ ബിനോയ് വിശ്വം തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും കൂട്ടിച്ചേർത്തു. ശക്തമായി തിരിച്ചു വരുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.







