എം.എസ്.എഫ് നേതൃത്വത്തിന് എതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാവിഭാഗം

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് പത്തോളം നേതാക്കള്‍ പരാതി നല്‍കിയത്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് എതിരെയുമാണ് പരാതി.

പി കെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജനറല്‍ സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയിലുണ്ട്. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാസം ഹരിതയുടെ സംസ്ഥാന ഭാരവാഹികള്‍ സംഘടനയില്‍ അവഹേളനവും അടിച്ചമര്‍ത്തലും നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധരാണെന്നും പൊതുഇടങ്ങളില്‍ നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, പി എം എ സലാം തുടങ്ങിയവര്‍ക്കാണ് കത്ത് നല്‍കിയത്. ഇതിനു പുറമെ, എംഎസ്എഫ് ദേശീയ ഭാരവാഹികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാൽ ലീഗ് നേതൃത്വത്തിൽ നിന്നും ഇടപെടൽ ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിത അംഗങ്ങൾ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.