സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

രജനീകാന്ത് – ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ മോണിക്ക ലിറിക്കൽ വീഡിയോ സോങ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പൂജ ഹെഗ്ഡെയും മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറുമാണ് ​ഗാനരം​ഗത്തിലുളളത്. ഇതിനോടകം അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. മോണിക്ക പാട്ടിൽ പൂജയേക്കാൾ കൂടുതൽ സൗബിൻ സ്കോർ ചെയ്തുവെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. സൗബിൻ ഫുൾ ഓൺ ചാർജ്, പാട്ട് സൗബിൻ കൊണ്ടുപോയി എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

അനിരുദ്ധ് രവിചന്ദർ‌ ഒരുക്കിയ ഐറ്റം സോങ് ഇത്തവണയും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. കൂലിയിൽ ദയാൽ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വൻഹിറ്റായതിന് പിന്നാലെയാണ് സൗബിന് കൂലിയിൽ വിളി വരുന്നത്. പീരിയഡ് ​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായാണ് അണിയറയിൽ ഒരുങ്ങുന്നത്. ഓ​​​ഗസ്റ്റ് 14നാണ് രജനി ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുക.

ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിലുണ്ട്. ശ്രുതി ഹാസനാണ് നായികയായി എത്തുക. കൂലിയുടേതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും തരം​ഗമായിരുന്നു. തുടർച്ചയായി രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ ഒരുക്കിയ ലോകേഷ് രജനികാന്തിനൊപ്പം ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനി ചിത്രത്തിന്റെ നിർ‌മാണം.

Read more