കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ. കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരള സിലബസിലെ വിദ്യാർത്ഥികളുടെ നീക്കം. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിന് പിന്തുണ നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.

അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്.

Read more