സില്‍വര്‍ ലൈന്‍; സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിഞ്ഞയിടങ്ങളിലാണ് പ്രധാനമായും സാമൂഹികാഘാത പഠനം നടന്നതെന്നാണ് സര്‍വേ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന വിവരം.

ജിയോ ടാഗിങ്ങ് മുഖേന സാമൂഹിക ആഘാത പഠനം നടത്താനുള്ള നടപടികള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ നിസഹകരണവും സര്‍വേ ഏജന്‍സികള്‍ നേരിട്ടു. വിവരശേഖരണം പൂര്‍ത്തിയാവാത്തതിനാല്‍ ഒരിടത്ത് പോലും പബ്ലിക്ക് ഹിയറിങ്ങിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല.

ആറ് മാസം കൂടി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നാണ് ഏജന്‍സികളുടെ നിലപാട്. സാമൂഹികാഘാത പഠനത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കുമ്പോള്‍ കൂടുതല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Read more

എന്നാല്‍ ഇക്കാര്യത്തിലും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. മൂന്ന് മാസം സമയം അനുവദിച്ച് കൊണ്ടാവും പുതുക്കിയ വിജ്ഞാപനം വരിക.