ബിജെപിയെ തുടര്‍ച്ചയായി വെട്ടിലാക്കുകയാണ് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ എന്നതാണ് ബിജെപി നേതൃത്വത്തിന്റെ അനുമാനം. മേയറാക്കാമെന്ന് പറഞ്ഞു വഞ്ചിച്ചു കൗണ്‍സിലര്‍ സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിന്റെ അമര്‍ഷം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് ബിജെപി നേതൃത്വത്തിന് അതൃപ്തി കലശലായതത്. കോര്‍പറേഷന്‍ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് ഒടുവില്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതു മനഃപൂര്‍വം അല്ലെന്ന് വിലയിരുത്തുമ്പോഴും കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ബിജെപിയ്ക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
നഗരാസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പില്‍ ഒപ്പിടാത്തതാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാന്‍ കാരണം. വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കായി ആദ്യം നടത്തിയ ക്ലാസില്‍ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്നു നേതാക്കള്‍ അറിയിച്ചു. ഇത്തരത്തില്‍ വോട്ടിംഗ് ക്ലാസില്‍ പങ്കെടുക്കാതെ വോട്ട് അസാധുവാക്കിയതില്‍ അമര്‍ഷമുള്ളവര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിലുണ്ട്. ശ്രീലേഖയുടെ നടപടികളിലൊന്നും പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ജില്ലയില്‍ മാത്രമല്ല സംസ്ഥാന നേതൃത്വത്തിനും അതൃപ്തി കനക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള വിജയാഘോഷങ്ങളില്‍ പങ്കെടുക്കാതെ ശ്രീലേഖ പാര്‍ട്ടിയെ വെട്ടിലാക്കിയതും നേതൃത്വത്തിന് കല്ലുകടിയായി. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാത്തതിലുള്ള അമര്‍ഷമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയറും ഡപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചുവെങ്കിലും ശാസ്തമംഗലം കൗണ്‍സിലറാകാന്‍ വേണ്ടിയാണോ തന്നെ മല്‍സരിപ്പിച്ചതെന്ന തോന്നലും മേയര്‍ സ്ഥാനം പറഞ്ഞു തിരഞ്ഞെടുപ്പിന് ഇറക്കി എന്ന രോഷവും ശ്രീലേഖയ്ക്കുണ്ട്. മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നെ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമായതിന് പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായത്.
Read more
കൗണ്‍സിലറായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം ശാസ്തമംഗലത്ത് കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് വി.കെ.പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്നു മേയര്‍ വി.വി.രാജേഷ് പ്രഖ്യാപിച്ചതല്ലാതെ തനിക്കു പാര്‍ട്ടിയില്‍ നിന്നു പിന്തുണ കിട്ടിയില്ലെന്ന് ശ്രീലേഖയും അതൃപ്തി പരസ്യമാക്കുന്നുണ്ട്.







