പറവൂരില്‍ ആത്മഹത്യ ചെയ്ത സജീവന്റെ ഭൂമി ഒടുവില്‍ തരംമാറ്റി നല്‍കി

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരംമാറ്റി നല്‍കി. സജീവന്‍ നല്‍കിയ അപേക്ഷയിലാണ് റവന്യു വകുപ്പിന്റെ നടപടി.  ജില്ലാ കലക്ടർ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറി.

സജീവന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടത്തില്‍ ദുഃഖമുണ്ടെന്ന് കളക്ടര്‍ പ്രതികരിച്ചു. സജീവന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചിലവഴിച്ചാണ് കളക്ടര്‍ മടങ്ങിയത്. തങ്ങളുടെ പിതാവിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് സജീവന്റെ മകന്‍ പറഞ്ഞു.

പറവൂർ മാല്യങ്കര സ്വദേശി സജീവന്‍ കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചാണ് സജീവന്‍‌ ജീവനൊടുക്കിയത്. സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭൂമി തരം മാറ്റാനായി ഒരു വർഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യുമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Read more

സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസര്‍, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേട്ടു.