പല പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി പാളയത്തിലെത്തി ആര്‍.എസ്.എസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് ഗവര്‍ണര്‍: എസ്.എഫ്‌.ഐ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറിനെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് എസ്എഫ്ഐ. കണ്ണൂര്‍ വി.സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. വിവിധ സര്‍വകലാശാലകളില്‍ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

”ഗവര്‍ണറുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കണ്ണൂര്‍ വി.സി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് കണ്ണൂര്‍ വി.സിക്കെതിരെ ഇത്തരം പരാമര്‍ശം ഗവര്‍ണര്‍ നടത്താന്‍ കാരണം.

അക്കാദമിക് ബിരുദങ്ങള്‍ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അദ്ധ്യാപകനായി വര്‍ഷങ്ങള്‍ ജോലി ചെയ്ത്, സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് വി.സി. എന്നാല്‍ ജീവിതത്തിലുടനീളം പല പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ഏറ്റവുമൊടുവില്‍ ബിജെപി പാളയത്തിലെത്തി ആര്‍എസ്എസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് ഗവര്‍ണര്‍.” ഇങ്ങനെയുള്ള ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്ന് വിളിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷൊ എന്നിവര്‍ പ്രസ്താവനയിലൂടെ ചോദിച്ചു.

Read more

സര്‍വകലാശാലകളെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മല്‍പിടുത്ത വേദികളാക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.