പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും

 

 

മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ജോര്‍ജിനെ രാത്രി തിരുവന്തപുരത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞം സി ഐ പ്രജീഷ് ശശി ഇതിനായി എറണാകുളം എ ആര്‍ ക്യാമ്പിലെത്തി.

വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പി.സി.ജോര്‍ജെന്ന് അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇവിടത്തെ മത, ജാതി സ്പര്‍ധ വളര്‍ത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കില്‍ അറസ്റ്റും എഫ്‌ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.