സ്വപ്‌ന നല്‍കിയത് രഹസ്യമൊഴിയല്ല, കുറ്റസമ്മത മൊഴി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വപ്ന സുരേഷിന്റേതു രഹസ്യമൊഴിയല്ല കുറ്റസമ്മത മൊഴിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്നയ്ക്ക് എങ്ങനെ രഹസ്യമൊഴി നല്‍കാനാകും. സ്വപ്നയ്‌ക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍ ഹൈക്കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയില്‍ വാദം തുടരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാലക്കാട്ട് കസബ പൊലീസ് എടുത്ത കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍.

Read more

ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമര്‍പ്പിച്ചിരുന്നു. ജലീല്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സത്യവാങ്മൂലത്തിലുണ്ട്.