സുരേഷ്‌ ഗോപി ഇപ്പോള്‍ തൃശൂരിനെ ശരിക്കും എടുത്തിരിക്കുകയാണെന്ന് അധ്യാപിക; ഞാന്‍ എടുക്കുന്നത് കൈ കൊണ്ടല്ല, ഹൃദയം കൊണ്ടെന്ന് തിരുത്തി നടന്‍

തൃശൂര്‍ കൈകൊണ്ടല്ല താന്‍ ഏടുക്കുമെന്ന് പറഞ്ഞതെന്ന് സുരേഷ് ഗോപി. ഹൃദയം കൊണ്ടാണ് തൃശൂര്‍ എടുക്കാന്‍ ഉദേശിക്കുന്നത്. ഹൃദയം കൊണ്ട് നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണം. ഹൃദയം കൊണ്ട് താന്‍ തൃശൂരിനെ എടുക്കുമെന്നും എടുത്തുകൊണ്ടേയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടിക എസ്. എന്‍. ട്രസ്റ്റ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെ തിരഞ്ഞെടുപ്പ് കാലത്തെ തന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ തൃശൂര്‍ ഇങ്ങു എടുക്കുവാ എന്നു പറയുന്ന സുരേഷ്‌ഗോപി സാര്‍ ഇപ്പോള്‍ തൃശൂര്‍ ശരിക്കും എടുത്തിരിക്കുകയാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. കൈകൊണ്ട് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന് പുഞ്ചിരിച്ചുകൊണ്ട് അധ്യാപികയെ സുരേഷ് ഗോപി തിരുത്തി.

നാട്ടിക എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുന്ന പരിപാടിയ്ക്കായാണ് സുരേഷ് ഗോപി തൃശൂരില്‍ എത്തിയത്. ജപ്തി നടപടികള്‍ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സഹായം നല്‍കാമെന്നും സുരേഷ് ഗോപി പറഞ്ഞു.