വേനല്‍ മഴ: സംസ്ഥാനത്ത് ഈ മാസം മാത്രം 161 കോടിയുടെ കൃഷിനാശം

വേനല്‍ മഴയില്‍ ഈ മാസം മാത്രം സംസ്ഥാനത്തുണ്ടായത് 161 കോടി രൂപയുടെ കൃഷിനാശം. സംസ്ഥാനത്താകമാനം 41,087 കര്‍ഷകരുടെ വിളകളെയാണ് മഴ ബാധിച്ചതെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. 56 കോടി രൂപയുടെ നാശനഷ്ടമാണ് ആലപ്പുഴയിലുണ്ടായത്. 8000 ത്തോളം കര്‍ഷകരെയാണ് ഇവിടെ മഴ ബാധിച്ചത്.

ആലപ്പുഴ കഴിഞ്ഞാല്‍ കോട്ടയം ജില്ലയിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. 26 കോടിയുടെ കൃഷിനാശമാണ് ഇവിടെ നിന്നു ലഭിച്ചിട്ടുള്ളത്. മൂവായിരത്തോളം കര്‍ഷകരെ ബാധിച്ചു.

മലപ്പുറം- 14 കോടി, വയനാട്- 12 കോടി, തൃശൂര്‍- 10 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. മേയ് ഒന്നുമുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.